ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥി ബി. സുദര്‍ശന്‍ റെഡ്ഡിക്കെതിരേ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ കൂടിയായ രാധാകൃഷ്ണന്‍റെ വിജയം. രാധാകൃഷ്ണന് 452 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റെഡ്ഡിക്കു കിട്ടിയത് 300 വോട്ട്.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്റ്ററല്‍ കോളെജിന് നിലവില്‍ 781 ആയിരുന്നു അംഗബലം. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉള്‍പ്പെടെ 437 വോട്ടുകളാണ് എന്‍ഡിഎ ഉറപ്പാക്കിയിരുന്നത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ 15 വോട്ടുകള്‍ അധികമായി ലഭിച്ചത് എന്‍ഡിഎയുടെ ഏകോപന മികവിനു തെളിവായപ്പോള്‍ 324 വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്ന റെഡ്ഡി 300ല്‍ ഒതുങ്ങിയത് പ്രതിപക്ഷത്തെ വോട്ടുചോര്‍ച്ച തുറന്നുകാട്ടി.
15 പ്രതിപക്ഷാംഗങ്ങളെങ്കിലും രാധാകൃഷ്ണന് വോട്ട് ചെയ്തെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. നേരത്തേ, തങ്ങളുടെ 315 വോട്ടുകളും റെഡ്ഡിക്കു തന്നെയെന്ന് ഉറപ്പിച്ചതായി നേരത്തേ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.
പാര്‍ലമെന്‍റ് സമുച്ചയത്തില്‍ രാവിലെ 10നു തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിച്ച തെരഞ്ഞെടുപ്പില്‍ 767 പേരാണു വോട്ട് രേഖപ്പെടുത്തിയതെന്ന് വരണാധികാരി പി.സി. മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 98.2 ശതമാനം പോളിങ്. 15 വോട്ടുകള്‍ അസാധുവായി. വോട്ട് ചെയ്യാന്‍ എംപി വിസമ്മതിച്ചതിനാല്‍ ഒരു തപാല്‍ ബാലറ്റ് റദ്ദാക്കി. 300നെതിരേ 452 വോട്ടുകള്‍ നേടിയ രാധാകൃഷ്ണന്‍ വിജയിച്ചെന്നും മോദി പ്രഖ്യാപിച്ചു. ഏഴ് എംപിമാരുള്ള ബിജെഡി, നാലംഗങ്ങളുള്ള ബിആര്‍എസ്, ഒരംഗമുള്ള അകാലിദള്‍ എന്നീ കക്ഷികളും രണ്ടു സ്വതന്ത്രരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂലൈ 21ന് ജഗദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്.
തമിഴ്നാട്ടിലെ തിരുപ്പുര്‍ സ്വദേശി. 68 വയസ്. നേരത്തേ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. കുറഞ്ഞകാലം തെലങ്കാന ഗവര്‍ണറുടെയും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെയും അധിക ചുമതല വഹിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ നാലര പതിറ്റാണ്ടിന്‍റെ പരിചയസമ്പത്ത്. ആര്‍എസ്എസിലൂടെ തുടക്കം. രണ്ടു തവണ കോയമ്പത്തൂരില്‍ നിന്നു ലോക്സഭയിലെത്തി. ടെക്സ്റൈ്റല്‍കാര്യ പാര്‍ലമെന്‍ററി സ്ററാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2004~2007ല്‍ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍. തമിഴ്നാട്ടിലുടനീളം 93 ദിവസം നീണ്ട പദയാത്ര നടത്തി. സൗമ്യമായ പെരുമാറ്റം. രാഷ്ട്രീയത്തിനതീതമായ സൗഹൃദവലയം. കോയമ്പത്തൂരിലെ വാജ്പേയി എന്നു വിളിപ്പേര്. കൊങ്കുനാട് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവ്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ഉപരാഷ്ട്രപതിയാണ് സി.പി. രാധാകൃഷ്ണന്‍. ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമന്‍. ഡോ. എസ്. രാധാകൃഷ്ണനും ആര്‍. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്ട്രപതിയാണ് സി.പി. രാധാകൃഷ്ണന്‍. ഡോ. സക്കീര്‍ ഹുസൈന്‍, ബി.ഡി. ജട്ടി, കെ.ആര്‍. നാരായണന്‍. എം. വെങ്കയ്യ നായിഡു എന്നിവരായിരുന്നു ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റ് ഉപരാഷ്ട്രപതിമാര്‍.

Comments: